Wednesday, 17 October 2012

Kadal (കടല്‍ ) - the Sea

ഒരു ചിത്രത്തിന് കവിതയെഴുതാന്‍ (MALAYALAM BLOGGERS ) ഗ്രൂപ്പ് , മല്‍സരം ക്ഷണിക്കെ , അലസമായെഴുതിയ ഈ കവിതയെ മികച്ച കവിതയായി തിരഞ്ഞെടുത്തു . ഒപ്പം ഇവിടെ ആദ്യമായ്‌ കവിത എന്റെ ശബ്ദത്തില്‍  റെകോര്‍ഡ് ചെയ്ത ലിങ്കും നല്‍കിയിരിക്കുന്നു.. കേള്‍ക്കുമല്ലോ .. :)


കടല്‍ 

കരകളെ ചേര്‍ക്കുന്ന മോഹമായിരുന്നു ., കടല്‍ !
തിരകളെ നെയ്യുന്ന പ്രണയമായിരുന്നു ,,, കടല്‍  ! 
സിരകളെ പുല്‍കുന്ന ദാഹമായീക്കടല്‍ .., - 
ഇരവുകള്‍ സ്വര്‍ഗമായ് തീര്‍ത്തോരീ .., ചെങ്കടല്‍.

നിനവുകള്‍ നീന്തിത്തുടിച്ചോരാ പൊന്‍കടല്‍ ,
കനവുകള്‍ കോരിച്ചൊരിഞ്ഞൊരാ പെണ്‍കടല്‍ ..!
നനവുകള്‍ രാഗമായ് , ആര്‍ദ്രമായ്.., പാല്‍ക്കടല്‍.,
 മറവുകള്‍ തട്ടിത്തകര്‍ത്തതും .., അതേകടല്‍ ..!

വൃദ്ധിക്ഷയങ്ങള്‍ക്കുമിപ്പുറം തീരത്ത്‌ .,, 
ആരോരുമില്ലാതൊഴഞ്ഞൊരീ നേരത്ത് ..,
ഇന്നീക്കടല്‍ വെറും മൌനം ..!!
നമ്മിലെ മൌനത്തിന്റെ മഹാസമുദ്രം ...!!!

written on : 14th OCT 2012 ; 4:00 AM [ IST]


Comment Using your Facebook/Yahoo/AOL/Hotmail Account


Tuesday, 10 July 2012

നമുക്ക് മഴനനയാം -lets get wet in rain !


നമുക്കിടയില്‍ പെയ്യുന്ന മഴകളെല്ലാം തന്നെ , നമ്മുടെ ആത്മാവ് തൊട്ടറിഞ്ഞ് കാലം പെയ്തിറക്കുന്നതാണ്.... തടയണകള്‍ പൊട്ടിച്ച് മഴകള്‍ ആര്‍ത്താര്‍ത്ത് പെയ്യട്ടെ .., അതില്‍ നമുക്ക് നനയാം, കുളിരലകള്‍ തീര്‍ക്കാം ..!  നമുക്ക് മഴനനയാം

മഹാസമുദ്രങ്ങളുടെ ഇരമ്പലുകളില്‍ .,
അകിട് നിറച്ച അമ്മ മേഘങ്ങള്‍ !  - 
മണ്ണിനും , പുല്ലിനും .., ഓരോരോ പ്രാണനും .,
ദാഹമകറ്റാന്‍ തിമര്‍ത്ത്‌ പെയ്ത , കാരുണ്യവര്ഷം ,- 
 'അവര്‍  , പാപമെന്ന്  പറഞ്ഞുവത്രേ ..!

ഇന്നിവിടെ .., ഈ രാവില്‍ , നിന്നിലൂടെ .,
പെയ്തിറങ്ങിയതും .., നൂറുനൂറ് - 
സംവത്സരങ്ങള്‍ക്കുമപ്പുറം  , ആരോ - 
പറഞ്ഞതിന്റെ മാറ്റൊലി ..!
മഴനനയുന്നത് പാപമെന്ന മാറ്റൊലി ..!!

പച്ചിലച്ചാര്‍ത്തിനടിയില്‍ .., കളിവള്ള - 
മിറക്കിയ  കുട്ടിയോടും , അമ്മ പറഞ്ഞത് - 
മഴ നനയരുത് എന്നാണ്.. !

നെഞ്ചില്‍ കരിങ്കൂവളപ്പൂക്കള്‍., -
മൊട്ടിട്ട് ., മനസ്സില്‍ മദഗന്ധം പടര്‍ത്തി .,
വസന്തം വരവറിയിക്കവേ..,
നിന്റെ മുത്തശ്ശി പറഞ്ഞുതന്നതും ,
താഴ്വാരങ്ങളെ പിച്ചിക്കീറുന്ന.., 
ഇരുട്ടില്‍ കുത്തിയൊലിച്ചു പെയ്യുന്ന - 
രാത്രിമഴകളെക്കുറിച്ചായിരുന്നു... !

നീ തനിയെ നടക്കുമ്പോള്‍ .., 
ഇടവഴികളിലും.., ഇടനാഴികളിലും .- 
ചോര്‍ന്ന അകത്തളങ്ങളിലും..,
നിന്നെ നനയ്ക്കാന്‍ തക്കം പാര്‍ക്കുന്ന -,
തെമ്മാടി മഴകളെക്കുറിച്ചായിരുന്നു ..!
കുട ചൂടേണ്ട  , മഴകളെക്കുറിച്ച്..!!

എന്നാല്‍ .., മണ്ണിന്റെ മനസ്സറിയുന്ന ..,
എന്നെയും .., നിന്നെയും -  ഒരേകടലാക്കി മാറ്റുന്ന ..,
നമുക്കായ് മാത്രം പെയ്യുന്ന ..,
ഈ പുതുമഴയില്‍ ....,
പാപബോധത്തിന്റെ  നിഴലുകള്‍ വീഴ്ത്താതെ .,
ആത്മാക്കള്‍ കോര്‍ത്ത് , നമുക്ക് നടക്കാം ...,
വരൂ , നമുക്കും മഴനനയാം ....!!!! 

 [written on 10/07/2012 ; 12:45 AM[IST] ]

Comment Using your Facebook/Yahoo/AOL/Hotmail Account


Saturday, 5 May 2012

ഗുല്‍മോഹര്‍ പൊഴിയുമ്പോള്‍ - In memory of comrade T_P_Chandrashekharan

ഞാനൊരു കമ്മ്യൂണിസ്റ്റുകാരനല്ല ..., നീതിയ്ക്കുവേണ്ടിയുള്ള പോരാട്ടങ്ങളില്‍ ഇനിയും വിശ്വാസം നഷ്ട്ടപ്പെട്ടില്ലാത്ത , ഒരു സാധാരണക്കാരന്‍ .
  
 
ഗുല്‍മോഹര്‍ പൊഴിയുമ്പോള്‍

ആ കാര്‍ ,തുപ്പുന്ന വെള്ളിവെളിച്ചം 
എന്നെ ആറാടിക്കുന്നു. - 
ആകാശഗംഗയിലെന്നപോല്‍...! 

കാലം കുരുക്കിയ കെണിയില്‍ - 
ബുദ്ധി മരവിക്കുംപോലെ ..

ഒരിടിയില്‍ , വിരലുകളയഞ്ഞു- 
മണ്ണിലേക്ക് കൂപ്പുകുത്തവേ.,
മൂക്കില്‍ പടര്‍ന്ന ഗന്ധം.. !
ഓര്‍മ്മകള്‍ കോരിചൊരിയുന്നു..

പുതുമഴയുടെ.. പുതുമണ്ണിന്റെ -
മണ്ണില്‍ നൂറുമേനി വിളയിച്ച .,
പണിയാളന്റെ ഗന്ധം .. ! 

നിഴലുകള്‍ വന്നടുക്കുന്നു .. ചാരെ -
കരിമ്പനപോല്‍ , അവര്‍ ഏഴുപേര്‍ ..!
കാലം കുരുക്കിയ കെണിയില്‍ - 
ബുദ്ധി മരവിക്കുംപോലെ ..

ഞാനും വാസുവും , സുധാകരനും -
അന്ത്രുവും , ഹൈദ്രോസും , രാജനും , ഗോപിയും..
ഓര്‍മ്മയുടെ തിരശീലയാല്‍ -
കണ്ണ് മറയും പോലെ.., പഴയ-
'സെവന്‍സിന്റെ ഓര്‍മ്മകള്‍ ..! 

നടുക്കുള്ളവന്‍ , നാലാമന്റെ ആദ്യവെട്ട്‌-
വലതുകൈയ്യാല്‍ തടഞ്ഞത് , ഞാന്‍ -
അറിഞ്ഞോ അറിയാതയോ ആണ് ..! 

അറ്റ്തൂങ്ങിയ എന്റെ വലതുകയ്യെ.,
എനിക്കായ്‌ നീ -
എന്തെല്ലാം പകര്‍ത്തിയെഴുതീ..
എന്റെ ചിന്ത , എന്റെ വിപ്ലവം , പ്രണയം ..! 

കാലം കുരുക്കിയ കെണിയില്‍ - 
ബുദ്ധി മരവിക്കുംപോലെ ..

എന്റെ നെഞ്ചില്‍ ചവിട്ടി , നീ -
വീഴ്ത്തിയത് എന്നെ മാത്രമോ ..?
അതാഴ്ന്നിറങ്ങിയത് എന്റെ , 
ഹൃദയ പക്ഷത്തില്‍ ..!
(ഇടതു പക്ഷത്തില്‍ ?? ! )

മഴുകൊണ്ട് ആദ്യമായെന്റെ - 
മൂര്ധാവ്   നീ വെട്ടിപ്പിളര്‍ക്കവേ..
ബുദ്ധനെപ്പോല്‍ , എന്നെ- 
ശാന്തനാക്കിയത്‌ , വീണ്ടും ഓര്‍മ്മകള്‍ !

തുളസിയും , കരയാമ്പും ചേര്‍ത്ത് .,
കാച്ചിയ എണ്ണ മൂര്‍ധാവില്‍  -
തേച്ചു തന്ന അമ്മയുടെ ഓര്മ ..!

ഞാന്‍ ആശിച്ചുപൊയ് , ഒരു മാത്ര -
എന്നെ കെട്ടിപ്പുണരാന്‍ .,
അമ്മയുണ്ടായിരുന്നെങ്കില്‍..!

അവര്‍ ചുറ്റിലും വലിച്ചെറിയുന്നു .,
ബോംബുകള്‍ ..!
ഓര്‍മ്മകള്‍ തികട്ടി വന്നു .,
അമ്പലക്കുളം , ഉത്സവം , താളമേളങ്ങള്‍ ..!

വീണ്ടും നിങ്ങള്‍ ഓങ്ങിയോങ്ങി വെട്ടവേ .,
മുറിഞ്ഞത് ഒരു പാവം -
പെണ്‍കുട്ടിയുടെ താലി ..!
അതെ , അവളെനിക്കെന്നും.,
കുട്ടിയായിരുന്നു ..! ഒപ്പം -
ഒരു മകന്റെ സ്വപ്‌നങ്ങള്‍ ..!

ഞാന്‍ പോകുമെന്നുറപ്പായിട്ടും  -
നിങ്ങളെന്റെ മുഖത്ത് .,
ആഞ്ഞാഞ്ഞ് വെട്ടിയത് -
എന്തിനായിരുന്നു ..?

എന്റെ മുഖം അവരൊന്നു കണ്ടോട്ടെ .,
എന്റെ സഖാക്കള്‍ ..!

ഞാന്‍ കരഞ്ഞില്ല -
അച്ഛന്റെ ഓര്‍മ്മകള്‍ ..
ഉണ്ണീ , ധീരന്മാര്‍ക്ക്‌ മരണമൊരിക്കല്‍.,
എന്ന മന്ത്രണം !

ചോരയുടെ ഗന്ധം സാക്ഷി..
ഒഞ്ചിയത്തിന്റെ മണ്ണും സാക്ഷി..
ആകാശത്ത്‌ താരകള്‍ ..
അതില്‍  കണ്ണിറുക്കുന്നത് -
'മണ്ടോടി കണ്ണനോ ' ..? !

എന്നില്‍ ആഴ്ന്നിറങ്ങിയ ചുവപ്പ് ,.,
പോരാട്ട വീര്യത്തിന്റെയോ ..?
അസ്തമന സൂര്യന്റെയോ ..?

ഞാന്‍ മടങ്ങുന്നു , ഞാന്‍ മറയുന്നു .,
ഞാന്‍ .., ഞാന്‍ മാത്രം .
വിപ്ലവം മായുന്നില്ല ., വിപ്ലവം മരിക്കുന്നുമില്ല ..!!

 [written on 06/05/2012 ; 12:10 AM[IST] ]

അറിയാത്തവര്‍ക്കായി ., *മണ്ടോടി കണ്ണന്‍ => ഒഞ്ചിയം വിപ്ലവകാലത്ത് , വാര്‍ന്നൊഴുകുന്ന സ്വന്തം രക്തംകൊണ്ട്‌ ലോക്കപ്പിന്റെ ചുവരില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം വരച്ച , ധീര രക്ത സാക്ഷി .

Comment Using your Facebook/Yahoo/AOL/Hotmail Account


Saturday, 24 March 2012

ഏതോ ഒരു വാക്ക് !! somehow one word

ഹൃദയത്തില്‍ നിന്നും അടര്‍ന്ന  വാക്കുകള്‍ക്ക് , മന്ത്രങ്ങളുടെ  ശക്തിയത്രേ !! പാതയോരത്തെ വിജനമായ -
തണ്ണീര്‍പ്പന്തലില്‍ ഞാനിരിക്കെ .,
അലസമായ് തലോടിപ്പോയോരാ -
മേടക്കാറ്റിന്റെ വാത്സല്യമായിരുന്നു
നീ ചൊല്ലിയ ആ വാക്കിന് .. !

പനിനീര്‍പ്പൂക്കളുടെ മുള്‍മുനയില്‍ .,
ഹൃദയം അമര്‍ത്തി വച്ചിരുന്നോരാ-
പഴയ മഞ്ഞക്കിളി , സ്വയം നൊന്തും .,
പൂക്കള്‍ക്ക് നിറപ്പകിട്ടേകിയത് .,
പലകുറി 'ചുവന്ന' ,ആ വാക്കാലാവണം !

അല്‍പ്പം കുറുമ്പോടെ , ആ  വാക്ക് -
നിന്റെ ചെവിയില്‍ , ഞാന്‍ പതിയെമന്ത്രിക്കെ -
നമ്മളില്‍ പെയ്തോഴിഞ്ഞത് , സ്വരപല്ലവം !
ആരോ ,  പരുഷമായ്  മീട്ടി -
തേഞ്ഞുപോയതാണ്  , നിന്നിലെ -
വയലിന്‍ തന്ദ്രികളെങ്കിലും !

മുറിവേറ്റ പ്രാണന്‍ , വാര്ന്നുപോകവേ .,
ഒരുനിശ്വാസത്തിന്റെ , ക്ഷണ താളത്തില്‍ .,
വിധിയെപ്പിളര്‍ക്കാന്‍ , വാളോങ്ങിയ മുഷ്ടിയില്‍ ,
ഒടുവില്‍ കരുത്താവുന്നതും ..., -
ഒരുവേള , നല്‍കിയ , 'വാക്കായിരിക്കണം !!

[written on 24 March 2012 , 1:45 AM[IST], Calicut ]
Comment Using your Facebook/Yahoo/AOL/Hotmail Account


Tuesday, 7 February 2012

പ്രണയിച്ച് നോക്കൂ ... !! Just fall in love

Got Inspired and adapted from a poem-extract of the Legend 'Vairamutthu'
വൈരമുത്തു എന്ന മഹാരഥന്റെ കവിതാശകലത്താല്‍ പ്രചോദനം  ഉള്‍ക്കൊണ്ടുള്ള  ഒരു പൊളിച്ചെഴുത്ത് . 

ഓരോ സ്പര്‍ശത്തിലുമുണ്ട് , പ്രണയത്തിന്റെ ആദിമഭാവങ്ങള്‍.... ഓരോ നിര്‍വൃതിയിലുമുണ്ട് , അതിന്‍റെ അപൂര്‍വ്വ രസസഞ്ചയം...

പ്രണയിച്ച്  നോക്കൂ ... !! 

നിങ്ങള്ക്ക് ചുറ്റും അറിയാതെയെതോ പ്രകാശം വലയം വയ്ക്കും 
പുതുലോകങ്ങള്‍ പരിചിതമാവും 
രാത്രിയുടെ ദൈര്‍ഘ്യം  തിരിച്ചറിയും 
അക്ഷരങ്ങളില്‍ മാധുര്യമൂറും
നിങ്ങളിലും കവിതയുണരും

ഒന്ന് പ്രണയിച്ച്  നോക്കൂ ... !! 

നിങ്ങള്‍ പ്രതിബിംബമായ് വീണ് വീണ് 
കണ്ണാടിയുടയും 
കണ്ണുകള്‍ക്ക്‌ തിളക്കമേറും 
ചിരിയില്‍ പവിഴങ്ങള്‍ പൊഴിയും 
തലയിണകള്‍ നനയും ..

ഒന്ന് പ്രണയിച്ച്  നോക്കൂ ... !! 

കാത്തിരുപ്പില്‍ ,  നിമിഷങ്ങള്‍ വര്‍ഷങ്ങള്‍ പോലെ 
എത്തിയാലോ ,  വര്‍ഷങ്ങള്‍  നിമിഷങ്ങള്‍ പോലെ 
ഒരു കിളിക്കുഞ്ഞ്‌ പോലും നിങ്ങളെ ശ്രദ്ധിക്കണമെന്നില്ല
പക്ഷെ ഈ ലോകം മുഴുവന്‍  ഉറ്റു നോക്കും പോലെ ! 
നെഞ്ചില്‍  ചിത്രശലഭങ്ങള്‍ പാറിപ്പറക്കും പോലെ ! 
ഈ ആകാശം , ഈ ഭൂമി , ഈ സന്ധ്യ , ഈ പൂക്കള്‍ 
എല്ലാം പ്രണയത്തെ  നിര്‍മ്മിക്കുന്ന ചേരുവകള്‍ പോലെ ...  ! 

ഒന്ന് പ്രണയിച്ച്  നോക്കൂ ... !! 

ഇടയ്ക്കിടെ ഹൃദയം ഇടംമാറി തുടിക്കാന്‍ തുടങ്ങും 
നിശബ്ദതകള്‍ നിശ്വാസങ്ങളാല്‍ , ശബ്ദിച്ചു തുടങ്ങും 
ഞരമ്പുകള്‍ ഞാണുകള്‍ പോലെ വലിഞ്ഞു മുറുകും 
രാഗങ്ങള്‍ അസ്ത്രങ്ങളായ് ചീറിപ്പായും 
പ്രണയത്തിന്റെ തിരശീലകളെ കാമം തുളയ്ക്കും 
രേണുക്കള്‍ മഹാനദിപോലോഴുകും 
ചുണ്ടുകള്‍ മാത്രം മരുഭൂമിയാവും 
ദാഹങ്ങള്‍ സമുദ്രമാവും , 
ഒടുവില്‍ കണ്ണുനീര്‍തുള്ളിയില്‍ സമുദ്രമടങ്ങും....

ഒന്ന് പ്രണയിച്ച്  നോക്കൂ ... !! 

ഓരോ പൂവിനേയും തലോടിത്തലോടി   , നടക്കാന്‍ കഴിയുമോ ?
അഹിംസയും  ഹിംസയും നിങ്ങള്‍ അറിഞ്ഞിട്ടുണ്ടോ ? 
തേങ്ങലിന്റെ സുഖം നിങ്ങള്ക്ക്  പരിചിതമാണോ ?
നിങ്ങളെ നിങ്ങള്‍ക്കുള്ളില്‍ അടക്കാന്‍ ആവുമോ ?
സഭയില്‍ ഏകാന്തതയും , ഏകാന്തതയില്‍ സഭയും 
നിങ്ങള്‍ കണ്ടെത്തിയിട്ടുണ്ടോ ? 
അദ്വൈതം അണഞ്ഞിട്ടുണ്ടോ ? 
മുന്നില്‍ അമൃതം വിളംബിയിട്ടും , പട്ടിണി കിടന്നിട്ടുണ്ടോ .... ? 

ഒന്ന് പ്രണയിച്ച്  നോക്കൂ ... !! 

കൊച്ചു കൊച്ചു കാര്യങ്ങളില്‍ ആനന്ദിക്കാനായ്..
ആണെന്ന വാക്കിനും പെണ്ണെന്ന വാക്കിനും - 
അര്‍ഥം ,നിഖണ്ടുവിനും  അതീതമാവാനായ് ..
ജീവിച്ചു ജീവിച്ചു മരിക്കാനും ,- 
മരിച്ചുമരിച്ച്‌ ജീവിക്കാനുമായ് ...

ഒന്ന് പ്രണയിച്ച്  നോക്കൂ ... !! 


സമൂഹം കണ്ണുരുട്ടിയാലും 
ബന്ധുക്കള്‍ ഇടഞ്ഞാലും 
ഒരു ഇമ വെട്ടില്‍ എല്ലാം നഷ്ട്ടമായാലും 
ഒരേ ആണിയില്‍ ഇരുവരും , ക്രൂശിക്കപ്പെട്ടാലും
നീ സ്നേഹിക്കുന്ന അവനോ അവളോ 
നിന്നെ സ്നേഹിക്കാന്‍ മറന്നാലും 

ഒന്ന് പ്രണയിച്ച്  നോക്കൂ ... !! 

സ്വര്‍ഗം അല്ലെങ്കില്‍ നരകം 
രണ്ടില്‍ ഒന്ന് ഈ ഭൂമിയിലേ നിശ്ചയം 

ഒന്ന് പ്രണയിച്ച്  നോക്കൂ ... !! 

Happy Valentin Week Ahead !! 
[07/02/2012 8:00 PM ]Comment Using Facebook/Yahoo/AOL/Hotmail