Tuesday 10 July 2012

നമുക്ക് മഴനനയാം -lets get wet in rain !


നമുക്കിടയില്‍ പെയ്യുന്ന മഴകളെല്ലാം തന്നെ , നമ്മുടെ ആത്മാവ് തൊട്ടറിഞ്ഞ് കാലം പെയ്തിറക്കുന്നതാണ്.... തടയണകള്‍ പൊട്ടിച്ച് മഴകള്‍ ആര്‍ത്താര്‍ത്ത് പെയ്യട്ടെ .., അതില്‍ നമുക്ക് നനയാം, കുളിരലകള്‍ തീര്‍ക്കാം ..!  



നമുക്ക് മഴനനയാം

മഹാസമുദ്രങ്ങളുടെ ഇരമ്പലുകളില്‍ .,
അകിട് നിറച്ച അമ്മ മേഘങ്ങള്‍ !  - 
മണ്ണിനും , പുല്ലിനും .., ഓരോരോ പ്രാണനും .,
ദാഹമകറ്റാന്‍ തിമര്‍ത്ത്‌ പെയ്ത , കാരുണ്യവര്ഷം ,- 
 'അവര്‍  , പാപമെന്ന്  പറഞ്ഞുവത്രേ ..!

ഇന്നിവിടെ .., ഈ രാവില്‍ , നിന്നിലൂടെ .,
പെയ്തിറങ്ങിയതും .., നൂറുനൂറ് - 
സംവത്സരങ്ങള്‍ക്കുമപ്പുറം  , ആരോ - 
പറഞ്ഞതിന്റെ മാറ്റൊലി ..!
മഴനനയുന്നത് പാപമെന്ന മാറ്റൊലി ..!!

പച്ചിലച്ചാര്‍ത്തിനടിയില്‍ .., കളിവള്ള - 
മിറക്കിയ  കുട്ടിയോടും , അമ്മ പറഞ്ഞത് - 
മഴ നനയരുത് എന്നാണ്.. !

നെഞ്ചില്‍ കരിങ്കൂവളപ്പൂക്കള്‍., -
മൊട്ടിട്ട് ., മനസ്സില്‍ മദഗന്ധം പടര്‍ത്തി .,
വസന്തം വരവറിയിക്കവേ..,
നിന്റെ മുത്തശ്ശി പറഞ്ഞുതന്നതും ,
താഴ്വാരങ്ങളെ പിച്ചിക്കീറുന്ന.., 
ഇരുട്ടില്‍ കുത്തിയൊലിച്ചു പെയ്യുന്ന - 
രാത്രിമഴകളെക്കുറിച്ചായിരുന്നു... !

നീ തനിയെ നടക്കുമ്പോള്‍ .., 
ഇടവഴികളിലും.., ഇടനാഴികളിലും .- 
ചോര്‍ന്ന അകത്തളങ്ങളിലും..,
നിന്നെ നനയ്ക്കാന്‍ തക്കം പാര്‍ക്കുന്ന -,
തെമ്മാടി മഴകളെക്കുറിച്ചായിരുന്നു ..!
കുട ചൂടേണ്ട  , മഴകളെക്കുറിച്ച്..!!

എന്നാല്‍ .., മണ്ണിന്റെ മനസ്സറിയുന്ന ..,
എന്നെയും .., നിന്നെയും -  ഒരേകടലാക്കി മാറ്റുന്ന ..,
നമുക്കായ് മാത്രം പെയ്യുന്ന ..,
ഈ പുതുമഴയില്‍ ....,
പാപബോധത്തിന്റെ  നിഴലുകള്‍ വീഴ്ത്താതെ .,
ആത്മാക്കള്‍ കോര്‍ത്ത് , നമുക്ക് നടക്കാം ...,
വരൂ , നമുക്കും മഴനനയാം ....!!!! 

 [written on 10/07/2012 ; 12:45 AM[IST] ]





Comment Using your Facebook/Yahoo/AOL/Hotmail Account