Saturday, 11 May 2013

ഒരേ നിലാവ് - the same moonlight





ഒരേ നിലാവ് 

തിരുവാതിരയ്ക്ക് , മുത്തശ്ശിയോടൊപ്പം മുറ്റത്ത്‌ ,
ചാണകം മെഴുകിയ തറയ്ക്ക് മുകളിലെ- 
ഉരുളിയില്‍ കണ്ട നിലാവിനെയാണ് ..,
ഞാനാദ്യമായി കോരിയെടുക്കാന്‍ ശ്രമിച്ചത്.

എന്റെ കയ്യിലും , കണ്ണിലും..,  മാനത്തും കണ്ടത്-
ഒരേ നിലാവെന്ന് തിരിച്ചറിയാന്‍ വൈകിയപോലെ... ! 
ഓടിയടുത്തപ്പോള്‍ അകന്നകന്ന് പോയ ആ നിലാവ്
,ഞാന്‍ പിണങ്ങി തിരിച്ചു നടന്നതുമുതല്‍ എനിക്ക് കൂട്ടായി .. ,

പിന്നീട് സ്ലേറ്റ് മായ്ക്കാന്‍ മഷിത്തണ്ട്  തന്ന -,
കൂട്ടുകാരിയുടെ കണ്ണിലാണ്, ഞാനാനിലാവ് കണ്ടത്..!
 കാലില്‍ താളം പിടിച്ച് ,പൂതപ്പാട്ട് പാടിയ അവളുടെ -
 കൈകളിലെ,  സ്വര്‍ണ്ണനിറമുള നേര്‍ത്ത രോമങ്ങള്‍ ..,-
എനിക്ക് കാട്ടിത്തന്നതും അതെ നിലാവാണ്‌ ...!

കാലം പല കൈവഴികളിലൂടെ എന്നെയോഴുക്കവേ.., 
പല നിറത്തിലും, മണത്തിലും ,രുചിയിലുമുള്ള.., 
മഷിത്തണ്ടുകള്‍ ..,എന്നെ തേടിവന്നു ....! 
മായ്ച്ചാലും മായ്ച്ചാലും തീരാത്ത മഷിത്തണ്ടുകള്‍ !

 ഓരോ മഷിത്തണ്ട് തിരിച്ചുകൊടുക്കുമ്പോളും..,
 ഉടയ്ക്കരുത് എന്നെന്റെ  ചെവില്‍ മന്ത്രിച്ചതും ..,
എന്റെ നിലാവായിരുന്നു ...! .
മഷിത്തണ്ടുകളെ ഉടയ്ക്കുന്നവരെ ..,-
ഞാനും നിലാവും ഒരുപോലെ വെറുത്തു ...

പിന്നീടൊരിക്കല്‍ ജീവന്റെ പാതിയായൊരുത്തന്‍ ..,
നെഞ്ചില്‍ നിലാവ് നഷ്ട്ടപ്പെട്ടൊരുനേരത്ത് ..,-
ഒരു മഷിത്തണ്ടുടച്ച് , ഇറുത്തുകളഞ്ഞ കഥ കേട്ടപ്പോള്‍ ..,
ആത്മാവ് നൊന്തുരുകിയതിന്,   നിലാവ് മാത്രം സാക്ഷിയായി ..!

 ആ ഇറുത്ത മഷിത്തണ്ടും തേടിയുള്ള  യാത്രയില്‍ ..,
ഞാനീ നഗരത്തില്‍ വീണ്ടുമെത്തുന്നു..... !
ഇതിന്റെ മറ്റൊരു കോണില്‍ , നീയുണ്ടെന്നറിയുമ്പോള്‍....,
ഓടി വന്ന് കാണാന്‍ തോന്നുന്നുണ്ട്.., പക്ഷേ -
പറഞ്ഞ വാക്ക് തെറ്റിക്കാന്‍ , എനിക്കാവുന്നുമില്ല...!

ഇവിടെയെനിക്ക് കൂട്ടുള്ളതും ഒരു നിലാവാണ്‌ ..!
ആകാശം കറുത്തിരിണ്ടിട്ടും .., നിര്‍ത്താതെ പെയ്യുന്ന -
ഈ മഴത്തുള്ളികളുടെ , ഉറവിടത്തിന്നപ്പുറവും...,
 ഞാനാ നിലാവ് കാണുന്നു ...!
അതെ നിലാവ് നീയും കണ്ടിരുന്നുവെങ്കില്‍...... ..,
എന്ന്,  ആഗ്രഹിച്ചു പോകുന്നു,...!

ഒരിക്കല്‍ ഒരു വൈകുന്നേരം .., 
ഒന്നായി ദഹിക്കാനുള്ള അഗ്നിപ്പടര്‍പ്പില്‍ ..,
ചൂടേല്‍ല്‍ക്കുംമുമ്പേ  വാടിയ, നിന്റെ.,
 ഇളംചുണ്ടിനെ നനയ്ക്കാന്‍ .., 
നിന്റെ തന്നെ  കണ്ണുകള്‍ പാടുപെട്ടപ്പോള്‍  .., 
അരികെയിരുന്ന ഞാന്‍ , ചില്ല്ജാലകത്തിലൂടെ .,.
അങ്ങ് ദൂരെ ഒരു  കലങ്ങിയ  നിലാവ് കണ്ടിരുന്നു... !

 നീയും ഞാനുമെന്ന ഭേദമില്ലാത്തോരഗ്നിയെ ..,
സ്വപ്നംകണ്ട , മറ്റൊരു നിലാവ് !!


12-05-2013
12:30 A.M [IST] 
Madiwala , Bangalore City 
ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനിൽ തട്ടി പ്രതിഫലിക്കുന്ന സൂര്യകിരണങ്ങൾ ഭൂമിയിൽ പതിക്കുന്നതിനെ നിലാവ്‌ എന്ന് വിളിക്കുന്നു : wikipedia  






Comment Using your Facebook/Yahoo/AOL/Hotmail Account


@amarnath sankar